Select Language: ENGLISH | മലയാളം

  • Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

മലബാർ മാംഗോ ഫെസ്റ്റ് – ‘മധുരം 2022’

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള കാർഷിക സർവ്വകലാശാല, പടന്നക്കാട് കാർഷിക കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ മെയ് 13, 14, 15 തീയ്യതികളിലായി മലബാർ മാംഗോ ഫെസ്റ്റ് മധുരം 2022’ സംഘടിപ്പിച്ചു. മേളയുടെ ഉദ്ഘാടനം ശ്രീ.ഇ.ചന്ദ്രശേഖരൻ, ബഹു. എം.എൽ.എ നിർവ്വഹിച്ചു. കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.അനിത കരുൺ അന്യം നിന്നു പോവുന്ന നാട്ടുമാവിനങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കാർഷിക വിജ്ഞാന പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, കമ്മ്യൂണിറ്റി ലൈബ്രറിക്കായുള്ള പുസ്തക വിതരണം, പഠന മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് പി.ടി.എ ഏർപ്പെടുത്തിയ അവാർഡ് വിതരണം എന്നിവ നടന്നു.

 

മേളയോടനുബന്ധിച്ച് വിവിധ കാർഷിക വിഷയങ്ങളിൽ സെമിനാറുകൾ, പരിശീലനങ്ങൾ എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ഡോ.കെ.പി. സുധീർ കാർഷിക സംരംഭകത്വം എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. ഡോ. കെ.എം. ശ്രീകുമാർ തേനീച്ച വളർത്തലിലും, ഡോ. രാധിക എൻ.എസ് കൂൺ കൃഷിയിലും കർഷകർക്ക് പരിശീലനം നടത്തി. ബഡ്സ് സ്കൂൾ അധ്യാപകർക്കായി ഹോർട്ടികൾച്ചർ തെറാപ്പി എന്ന വിഷയത്തിൽ ഡോ.ജി.കെ.ബേല ക്ലാസ്സെടുത്തു. വിരമിച്ച അധ്യാപക-അനധ്യാപക-ഫാം ജീവനക്കാരെ ആദരിച്ച ചടങ്ങും അവരുടെ ഓർമ്മകൾ പങ്കുവച്ചതും രണ്ടാം ദിനത്തിൽ മേളയുടെ മാറ്റ് കൂട്ടി.

 

മേളയിൽ, 22 മാമ്പഴയിനങ്ങൾ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിരുന്നു. വിവിധ കാർഷിക വിളകളുടെ ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിൽപ്പന, കീട-രോഗ നീർണ്ണയ ക്യാമ്പ്, ഡ്രോൺ പ്രദർശനം, വ്യത്യസ്ത മാമ്പഴ വിഭവങ്ങൾ ഒരുക്കിയ ഫുഡ് കോർട്ട്, പൂരക്കളിയും സംഗീത നിശയും മുഖ്യ ആകർഷണങ്ങളായിരുന്നു. പലവിധ സ്റ്റാളുകളും എക്സിബിഷനും വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനവും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയ്ക്ക് പകിട്ടേകി.

 

10 ടണ്ണോളം വരുന്ന മാമ്പഴം വിൽപ്പന നടത്താനും എണ്ണായിരം സന്ദർശകരെ വരവേൽക്കാനും സാധിച്ചത് മേളയുടെ പൂർണ്ണ വിജയമായി വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. മെയ് 15ന് നടന്ന കലാപരിപാടികളോടുകൂടി മൂന്നു ദിവസം നീണ്ടുനിന്ന മാമ്പഴ മേളയ്ക്ക് സമാപനമായി.

Institution: 
College of Agriculture, Padannakkad

ഭാഷ തിരഞ്ഞെടുക്കുക

മേല്‍വിലാസം

കേരള കാര്‍ഷിക സര്‍വകലാശാല
കെ.എ.യു. മുഖ്യ കാമ്പസ്
കെ.എ.യു. (പി.ഓ.), വെള്ളാനിക്കര
തൃശൂര്‍ 680656
:+91-487-2438011
:+91-487-2370019